ബാരിയാട്രിക് സര്‍ജറി
ലോകമെമ്പാടും അമിതവണ്ണക്കാരുടെയും, പൊണ്ണത്തടി ഉള്ളവരുടെയും എണ്ണം ദിനംപ്രതി വളരെ വര്‍ദ്ധിച്ചുവരുന്നു. ഇന്‍ഡ്യയിലെ സമീപകാല കണക്കുകള്‍പ്രകാരം 20 ശതമാനം അമിതവണ്ണം ഉള്ളവരും 14 ശതമാനം പൊണ്ണത്തടി ഉള്ളവരുമാണ്. ഇത് 2005 ലേതിനേക്കാള്‍ വളരെ വര്‍ദ്ധിച്ചതായി കാണാം. ബോഡി മാസ് ഇന്‍ഡക്സ് (BMI) ആണ്, ഒരാളുടെ ശരീരഭാരത്തിന്‍റേയും വണ്ണത്തിന്‍റേയും പ്രധാന അളവുകോല്‍. ഉദാഹരണത്തിന് 2 മീറ്റര്‍ പൊക്കമുള്ള ആള്‍ക്ക് 100 കിലോ ഭാരമുണ്ടെങ്കില്‍ BMI 25 ആണ്. BMI 20 മുതല്‍ 23.0 വരെയാണ് ശരിയായ അളവ്. 23.0 മുതല്‍ 27.5 വരെ അമിതവണ്ണവും 27.5നു മുകളില്‍ പൊണ്ണത്തടിയായും കണക്കാക്കാം. അമിതഭാരം അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടാക്കുന്നു. എന്നാല്‍ പൊണ്ണത്തടി ഒരു രോഗം തന്നെയാണ്. അതിനാല്‍ കാര്യമായ ചികിത്സയും തേടേണ്ടിവരും.
അമിതവണ്ണം അഥവാ ഒബീസിറ്റി എന്ന അവസ്ഥ ഇപ്പോള്‍ മറ്റ് വികസിത രാജ്യങ്ങളിലെന്നപോലെ നമ്മുടെ നാട്ടിലും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. ഒരുവശത്ത് ദാരിദ്ര്യ രോഗങ്ങള്‍ തടയുന്നതിനുള്ള പരിശ്രമം നടക്കുമ്പോള്‍ മറ്റൊരു വിഭാഗം അമിതാഹാരം കൊണ്ടും തുടര്‍ന്നുള്ള അമിതവണ്ണംകൊണ്ടുമുള്ള രോഗാവസ്ഥയിലേക്ക് പോകുന്നു എന്നത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം കൂടുതല്‍ കാണുന്നത് അബ്ഡോമിനല്‍ ഒബീസിറ്റി (വയറിന്‍റെ വണ്ണം) ആണ്. വയറിന്‍റെ ഇടുപ്പുഭാഗത്തെ ചുറ്റളവ് മാത്രം വര്‍ദ്ധിക്കുന്നത് ദോഷകരമായ അവസ്ഥയാണ്. 80-90 സെ.മീ ആണ് പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് അഭികാമ്യമായ അരവണ്ണം. അധികം വണ്ണമില്ലാത്ത ആകാരസൗകുമാര്യമുള്ള ഒരു ശരീരം കൊതിക്കാത്തവര്‍ ഇന്നാരുമില്ല. ദുര്‍മ്മേദസ് അടിഞ്ഞ് ചുളിവുകളും വര്‍ദ്ധിച്ചിട്ടുള്ള ഒരു ശരീരം, ആരും ഓര്‍ക്കാന്‍കൂടി ആഗ്രഹിക്കാത്ത കാലമാണിത്. ഒരു കാലത്ത് തടികൂട്ടാനായി ഓടിനടന്നവര്‍ ഇന്ന് വണ്ണം കുറയ്ക്കാനുള്ള വഴികള്‍ തേടിയാണ് നെട്ടോട്ടം ഓടുന്നത്. വണ്ണം കുറയ്ക്കുന്നതിനായി മാസികകളിലും ദൃശ്യമാധ്യമങ്ങളിലും വരുന്ന പരസ്യങ്ങളുടെ പുറകെയും ഉല്‍പ്പന്നങ്ങളുടെ പുറകേയുമാണ് ഇക്കൂട്ടരുടെ പോക്ക്. ശരീരത്തിന്‍റെ വണ്ണം പതുവെ കുറയ്ക്കാനും വയര്‍ തുടങ്ങിയ പ്രത്യേക ഭാഗങ്ങള്‍ കുറയ്ക്കുവാനും അതിനൂതന വിദ്യയുമായി ആരോഗ്യശാസ്ത്രം എത്തിയിട്ടുള്ളത് ഇക്കൂട്ടര്‍ക്ക് ഏറെ സന്തോഷവും ആശ്വാസവും നല്‍കുന്ന വാര്‍ത്തയാണ്.
അമിതവണ്ണം – കാരണങ്ങള്‍
- ജനിതക കാരണങ്ങള്‍
- ഭക്ഷണരീതി
- ജീവിതരീതി
- ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍
ജനിത പ്രശ്നങ്ങള്‍ അമിതവണ്ണത്തിന് കാരണമാണെങ്കിലും ഭക്ഷണരീതി തന്നെയാണ് പ്രധാന കാരണം. അമിതമായി ഭക്ഷണം കഴിക്കുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഫൈബര്‍ കുറഞ്ഞതും കൊഴുപ്പ് കൂടുതലുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് അമിതവണ്ണത്തിന് കാരണം. മാംസം, മാംസക്കൊഴുപ്പ്, മധുരപലഹാരങ്ങള്‍, കഴുത്തറ്റംവരെ ഭക്ഷണം കഴിക്കുക, കുറേശ്ശെയാണെങ്കിലും അടിക്കടി ഭക്ഷണം കഴിക്കുക എന്നിവ പൊണ്ണത്തടിക്ക് കാരണങ്ങളാണ്. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന പാനീയങ്ങള്‍ പൊതുവെ ഭക്ഷണമായി കിട്ടുന്നില്ല. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ കലോറി വളരെയധികം വര്‍ദ്ധിക്കുന്നു. മദ്യം, ശീതളപാനീയങ്ങള്‍ എന്നിവ കൂടുതലായി ഉപയോഗിക്കുന്നത് പൊണ്ണത്തടി വരുത്തും. വെള്ളം കുടിക്കുന്നതിന് പകരമാണ പലരും ഇത്തരം പാനീയങ്ങള്‍ കഴിക്കുന്നത്. ഒരു ഗ്രാം കൊഴുപ്പ് കഴിക്കുമ്പോള്‍ 9 കലോറിയും പ്രോട്ടീനോ അന്നജമോ കഴിക്കുമ്പോള്‍ 4 കലോറിയും ശരീരത്തിന് ലഭിക്കുന്നു. കൊഴുപ്പുള്ള ഭക്ഷണം ആകുമ്പോള്‍ ഉണ്ടാകുന്ന കലോറിക് ഫിക് വാല്യു ഇരട്ടിയിലധികമാകുന്നു.
വ്യായാമം ഇല്ലാത്ത ജീവിതരീതി ഭാരം കൂടാന്‍ മറ്റൊരു കാരണമാണ്. അകത്തേക്കിടുന്നത് അനുസരിച്ച് പുറത്തേക്ക് എടുക്കുന്നില്ലെങ്കില്‍ പൊണ്ണത്തടി ഉണ്ടാകും. ഭക്ഷണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ചിലവാകാതെ വരുമ്പോള്‍ അത് മുഴുവന്‍ ശരീരത്തില്‍ അടിഞ്ഞുകൂടും.
അമിതവണ്ണം മൂലം പാന്‍ക്രിയാസിന് (ആഗ്നേയഗ്രന്ധി) ക്ഷീണം സംഭവിക്കും. ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കൂടുന്നത് പ്രമേഹം വരാനുള്ള സാധ്യത വളരെ വര്‍ദ്ധിപ്പിക്കും. ശരീരം ഉത്പാദിപ്പക്കുന്ന ഇന്‍സുലിന്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പറ്റാതെ വരും. പാന്‍ക്രിയാസില്‍ കൊഴുപ്പടിഞ്ഞും അതിന്‍റെ പ്രവര്‍ത്തനം കുറയും.
ഗ്രലിന്‍ എന്ന ആമാശയ ഹോര്‍മോണ്‍ അധികമായി ഉണ്ടാകുന്നത് ആഹാരം കഴിക്കുന്നതിന് അമിതാഗ്രഹം ഉണ്ടാക്കുന്നു. ഒരു കാന്തം ഇരുമ്പിനെ ആകര്‍ഷിച്ചു നിര്‍ത്തുന്നതുപോലെ ശരീരത്തിലെ കൊഴുപ്പ് വിവിധ ഭാഗങ്ങളില്‍ അടിഞ്ഞുകൂടാനും, നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഗ്രലിന്‍ ഇടയാക്കുന്നു. പൊണ്ണത്തടി ഉള്ളവര്‍ക്ക് ഗ്രലിന്‍ വളരെ അധികം വര്‍ദ്ധിച്ചിരിക്കുന്നതായി കാണാം.
പൊണ്ണത്തടിയുടെ പരിണിതഫലങ്ങള്‍
പ്രമേഹരോഗം ഉണ്ടാകുന്നതില്‍ ഏറ്റവും പ്രധാന കാരണം ശരീരത്തിലെ കൊഴുപ്പിന്‍റെ ആധിക്യമാണ്. മുപ്പത്തിയഞ്ചിനു മുകളില്‍ ബോഡി മാസ് ഇന്‍ഡക്സ് ഉള്ള പൊണ്ണത്തടി, പ്രമേഹം വരാനുള്ള സാധ്യതയെ നാല്‍പ്പതിരട്ടിയാക്കുന്നതായി കാണാം. ആദ്യമൊക്കെ മിക്കവരിലും അധികരിച്ച തോതില്‍ ഇന്‍സുലിന്‍ ഉണ്ടാവുകയും അത് കൊഴുപ്പില്‍ നഷ്ടപ്പെടുകയും ചെയ്യുന്നതായി കാണാം. ഇന്‍സുലിന്‍ റസിസ്റ്റന്‍സ് എന്ന ഈ പ്രക്രിയ വളരെ അധികം രോഗങ്ങളിലേക്കാണ് രോഗിയെ നയിക്കുന്നത്.
ശരീരഭാരം കൂടുതമ്പോള്‍ അത് പ്രധാനമായും ഹൃദയത്തെയും ശ്വാസകോശ സംവിധാനത്തെയുമാണ് ബാധിക്കുക. ഹൃദയത്തിന് ഒരു നിശ്ചിത ശക്തിയിലേ രക്തത്തെ പമ്പുചെയ്യാനുള്ള കഴിവുള്ളൂ. പൊണ്ണത്തടി എന്ന അവസ്ഥ ഉണ്ടാകുമ്പോള്‍ രക്തത്തെ കൂടുതല്‍ ദൂരത്തേയ്ക്കും അളവിലും ശക്തിയിലും പമ്പുചെയ്യേണ്ടിവരും. ഇത് ഹൃദയത്തിന് ക്ഷീണം വരുത്തും ഹൃദയാഘാതം വരാനുള്ള സാധ്യതയാണ് ഇതുണ്ടാക്കുക. കൊഴുപ്പുകള്‍ രക്തധമിനികളുടെ ഭിത്തികളില്‍ അടിഞ്ഞ് കൂടുമ്പോള്‍ രക്തക്കുഴലുകളുടെ വ്യാസം കുറയുകയും പമ്പിംഗ് ശക്തി കൂട്ടേണ്ടിവരികയും ചെയ്യുന്നു. ഇത് ഹൃദയത്തെ ബാധിക്കും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ ഇടയാക്കും. കേരളം ആണ് ഇന്‍ഡ്യയിലെ ഏറ്റവും അധികം ഹൃദ്രോഗികളുള്ള സംസ്ഥാനം. നെഞ്ചിന്‍റെ ഭാഗത്ത് അമിതവണ്ണം വന്നാല്‍ നെഞ്ച് വികസിക്കാന്‍ (ശ്വസിക്കുമ്പോള്‍) പറ്റാതെ വരും.
ശ്വാസകോശവികസനത്തിന് കൂടുതല്‍ ശക്തി വേണ്ടിവരുന്നത് ശ്വാസം എടുക്കുന്നത് കൂടുതല്‍ ആയാസകരമാകും. കഴുത്തിലെ വണ്ണംകൂടിയാകുമ്പോള്‍ കൂര്‍ക്കം വലിയും ഉറക്കത്തില്‍ ശ്വാസം നിലക്കലും (സ്ലീപ് അപ്നിയ) ഉണ്ടാകുന്നു. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കും, പകലുറക്കം കാരണം അപകടങ്ങള്‍ക്കും ഇടയാക്കുന്നു.
പൊണ്ണത്തടികൊണ്ടുള്ള മറ്റൊരു ബുദ്ധിമുട്ട്, സന്ധികളെ ബാധിക്കുന്ന വേദനകളും മറ്റു രോഗങ്ങളുമാണ്. സന്ധികളിലെ ലിഗമെന്‍സിന് ക്ഷീണം വരുമ്പോള്‍ അസ്ഥികള്‍ കൂട്ടിയുരുമ്മി നീര് വരിക, നടക്കാന്‍ പ്രയാസം വരിക എന്നിവ ഉണ്ടാകുന്നു. തുടര്‍ന്ന് തേയ്മാനവും വേദനയും ഉണ്ടാകുന്നു. അമിതവണ്ണം ഉണ്ടാകുന്നത് ചില മാനസിക പ്രശ്നങ്ങള്‍ക്കുംകൂടി ഇടയാകും.
ശരീരത്തിന്‍റെയും വിവിധ ഭാഗങ്ങളുടെയും ആകാരഭംഗി നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന മാനസികവിഷമം, അമിതവണ്ണത്തിന്‍റെ അനന്തരഫലമാണ്. അസുഖങ്ങള്‍ മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. സ്മാര്‍ട്ടായി സമൂഹത്തില്‍ ഇറങ്ങിനടക്കാന്‍ പറ്റാതെ വരും. ചെറിയ പ്രായത്തില്‍ പൊണ്ണത്തടി വരുന്നവര്‍ക്ക് വന്ധ്യതയ്ക്ക് സാധ്യതയേറുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (PCOD) സാധ്യത വര്‍ദഅധിക്കുന്നതിനാല്‍ വന്ധ്യത ഉണ്ടാകുന്നു. അണ്ഡാശയം, സ്തനങ്ങള്‍, കുടല്‍ എന്നിവയ്ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത പൊണ്ണത്തടിയുള്ളവര്‍ക്ക് വളരെ കൂടുതലാണ്.
അമിതവണ്ണം, പൊണ്ണത്തടി : പരിഹാരമാര്‍ഗ്ഗം
ഭക്ഷണരീതി വ്യത്യാസപ്പെടുത്തലും, വ്യായാമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതും, അമിതവണ്ണം നിയന്ത്രിക്കാന്‍ സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങളാണ്. ആഹാരത്തോടുള്ള ആസക്തി കുറയ്ക്കുന്ന മരുന്നുകള്‍ നിരോധിക്കപ്പെട്ടതിനാല്‍ ഇപ്പോള്‍ ലഭ്യമല്ല. കഴിച്ച ആഹാരത്തിലെ കൊഴുപ്പ് ആഗീരണം ചെയ്യുന്നത് തടയുന്നതിനുള്ള ഓര്‍ലിസ്റ്റാറ്റ് ഗുളിക വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ നാലഞ്ചു കിലോ ഭാരം നാലുമാസംകൊണ്ട് കുറഞ്ഞേക്കാം. ഒരു പരിധിക്കുമപ്പുറം വണ്ണം കൂടിയാല്‍ ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ഒന്നും സാധാരണ നിലയിലെത്തിക്കാന്‍ സാധിക്കാറില്ല.
ഇന്‍ട്രാ ഗ്യാസ്ട്രിക് ബലൂണ്‍
ചെറിയ മയക്കം കൊടുത്ത് എന്‍ഡോസ്കോപ്പി സംവിധാനത്തിലൂടെ ഒരു ബലൂണ്‍ ആമാശയത്തിനകത്തേയ്ക്ക് ഇടുന്നു. ഇതില്‍ 500-600 മില്ലി വെള്ളം നിറച്ച് വികസിപ്പിക്കുന്നു. 6 മാസം മുതല്‍ 12 മാസം വരെ ഉള്ളില്‍ വച്ചതിന് ശേഷം ഇത് എന്‍ഡോസ്കോപിയിലൂടെ നീക്കം ചെയ്യുന്നു. 10-20 കിലോഗ്രാംവരെ കൊഴുപ്പ് നീങ്ങിപ്പോകുന്നതിന് ഇത് ഉപകരിക്കും. കുട്ടികള്‍, പോളിസിസ്റ്റിക് ഓവറി (അണ്ഡാശയത്തിലെ കുമിളകള്‍) ഉള്ളതുകൊണ്ട് ഗര്‍ഭധാരണം നടക്കാത്ത യുവതികള്‍, ശസ്ത്രക്രിയ സാധിക്കാത്ത ആള്‍ക്കാര്‍ എന്നിവര്‍ക്കാണ് ഈ ചികിത്സ കൂടുതല്‍ പ്രയോജനപ്രദം. ആമാശയത്തില്‍ ബലൂണ്‍ ഉള്ളത് ആഹാരം കഴിക്കുന്നതില്‍ കുറവ് വരുത്തുകയും വയറ് നിറഞ്ഞതായി തോന്നുന്ന ഹോര്‍മോണ്‍ (GLP-1) വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രലിന്‍ കുറയുന്നത് ആഹാരത്തോടുള്ള ആര്‍ത്തി കുറയാനും അടിഞ്ഞുകൂടിയ കൊഴുപ്പ് നഷ്ടപ്പെടാനും ഇടയാക്കുന്നു. 27.5ന് മുകളില്‍ BMI ഉള്ളവര്‍ക്ക് 15 കിലോ ഭാരംവരെ കുറയ്ക്കാന്‍ IGB (ഇന്‍ട്രാ ഗ്യാസ്ട്രിക് ബലൂണ്‍) ചികിത്സയാണ് നല്ലത്.
ബാരിയാട്രിക് ശസ്ത്രക്രിയകള്‍
അമിതവണ്ണത്തിനുള്ള സ്ഥായിയായ പരിഹാരം ശസ്ത്രക്രിയയാണ്. ബാരിയാട്രിക് സര്‍ജറി എന്നാണ് ഇവ അറിയപ്പെടുന്നത്. 30ന് മുകളില്‍ BMI വന്നാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ പരിഗണിക്കാവുന്നതാണ്. ആമാശയത്തിന്‍റെ അളവ് കുറയ്ക്കുക, ആമാശയത്തിലെത്തന്ന ആഹാരം കുടലിന്‍റെ മറ്റു ഭാഗങ്ങളിലേയ്ക്ക് തിരിച്ചുവിടുക എന്നതാണ് ശസ്ത്രക്രിയയിലൂടെ പ്രധാനമായും ചെയ്യുന്നത്. ഇത്തരം ശസ്ത്രക്രിയകള്‍ ലാപ്പറോസ്കോപ്പിക്ക് (താക്കോല്‍ദ്വാര) സംവിധാനത്തിലൂടെ നിര്‍വ്വഹിക്കുന്നതാണ് രോഗികള്‍ക്ക് അഭികാമ്യമായിട്ടുള്ളത്. പൊണ്ണത്തടിയന്മാരുടെ മരണനിരക്ക് പത്തിലൊന്നായി കുറയ്ക്കാന്‍ ഇത്തരം ശസ്ത്രക്രിയകള്‍ സഹായിക്കുന്നു.
ലാപ്പറോസ്കോപ്പി അഥവാ കീഹോള്‍ സര്‍ജറി
അമിതവണ്ണമുള്ളവരില്‍ സാധാരണ ശസ്ത്രക്രിയ അങ്ങേയറ്റം ദുഷ്ക്കരമാണ്. ഇത്തരക്കാരില്‍ വലിയ തോതില്‍ വയര്‍ കീറിമുറിക്കുന്നത് ശ്വാസതടസ്സം ഉണ്ടാക്കുന്നതിനു കുടലിന്‍റെ അനക്കത്തെ ദോഷകരമായി ബാധിക്കുന്നതിനും കാലിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് (Deep Vein Thrombosis) ഗുരുതരാവസ്ഥ ഉണ്ടാകുന്നതിനും കാരണാകുന്നു. താക്കോല്‍ദ്വാര ശസ്ത്രക്രിയയാകുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ വളരെ കുറവാണ്. തുടര്‍വിശ്രമം ആവശ്യമില്ല. അമിതവണ്ണം കുറയ്ക്കുന്നതിന് വിവിധ തരത്തിലുള്ള ലാപ്പറോസ്കോപ്പി ശസ്ത്രക്രിയകള്‍ ലഭ്യമാണ്.
സ്ലീവ് ഗ്യാസ്ട്രക്ടമി ശസ്ത്രക്രിയ
സ്ലീവ് ഗ്യാസ്ട്രക്ടമിക്കാണ് കൂടുതല്‍ പ്രചാരം. ഇത് വളരെ വലുതായിപ്പോയ ആമാശയത്തെ സാധാരണഗതിയില്‍ എത്തിക്കുന്ന ഒരു ശസ്ത്രക്രിയയാണ്. ആമാശയത്തില്‍ അധികമായുണ്ടാക്കുന്ന ഗ്രലിന്‍ എന്ന പദാര്‍ത്ഥം കുറയുന്നതുകൊണ്ട് ആഹാര നിയന്ത്രണവും കൊളസ്ട്രോള്‍ അളവ് കുറയ്ക്കലും സാധിക്കുന്നു. മറ്റ് ഹോര്‍മോണുകളുടെ പ്രവര്‍ത്തന വ്യത്യാസവും സാധ്യമായതിനാല്‍ ശരീരത്ത് അടിഞ്ഞുകൂടിയ കൊഴുപ്പ് വളരെ വേഗം കുറയ്ക്കുന്നതിന് സഹായിക്കും. ോരോ കിലോഗ്രാം ഭാരം കുറയുന്നതോടൊപ്പം ഏകദേശം ഒരു സെന്‍റീമീറ്റര്‍ വയര്‍വണ്ണൺ കുറയുന്നതായി കാണാം. ഇത്തരം ശസ്ത്രക്രിയകള്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയകളിലൂടെയാണ് ചെയ്യുന്നത്. അതിനാല്‍ രോഗി വേദനകൊണ്ട് വിഷമിക്കേണ്ടിവരില്ല. വൈറ്റമിന്‍ കുറവുകളോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടാകാറില്ല. വളരെ സുരക്ഷിതമായ ഈ മാര്‍ഗ്ഗം അനേകായിരം പേരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്നതായി കണ്ടുവരുന്നു.
ബൈപ്പാസ് ശസ്ത്രക്രിയ
ആമാശയത്തെ ചെറുകുടലിന്‍റെ ദൂരെയുള്ള ഭാഗവുമായി ഘടിപ്പിക്കുന്നതുമൂലം ആഹാരസാധനങ്ങളുടെ ആഗീകരണം വളരെ കുറയ്ക്കാന്‍ സാധിക്കും. ഇത്തരം ശസ്ത്രക്രിയകളും ലാപ്പറോസ്കോപ്പിയിലൂടെ വിജയകരമായി പൂര്‍ത്തിയാക്കാവുന്നതാണ്. വൈറ്റമിന്‍ സപ്ലിമെന്‍റുകള്‍ തുടര്‍ന്ന് കഴിക്കേണ്ടിവരും എന്നത് ബൈപ്പാസ് ശസ്ത്രക്രിയയുടെ ന്യൂനതയാണ്.
ഗുണഫലങ്ങള്‍
മേല്‍പ്പറഞ്ഞ എല്ലാ ശസ്ത്രക്രിയകളും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നതുകൊണ്ട് രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം, സന്ധിവേദന എന്ന അസുഖങ്ങള്‍ വലിയൊരളവ് വളരെ പരിഹരിക്കുന്നതിന് സഹായിക്കും. ഇത്തരം അസുഖങ്ങള്‍ക്കായി കഴിക്കുന്ന മരുന്നുകളുടെ അളവ് കുറയ്ക്കാനും സാധിക്കും. പൊണ്ണത്തടിയുള്ളവര്‍ക്ക് ശസ്ത്രക്രിയ ചെയ്ത് അടുത്ത് ദിവസം മുതല്‍ പ്രമേഹത്തിന് സമ്പൂര്‍ണ്ണ ശമനമെത്തുമെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നതിന് മുമ്പ് അമിതവണ്ണം ഉണ്ടാകാനുള്ള മറ്റ് കാരണങ്ങള്‍ രക്ത പരിശോധനകളിലൂടെ ഇല്ലെന്ന് ഉറപ്പുവരുത്തണം. ദീര്‍ഘനാള്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് സ്ഥായിയായ ശസ്ത്രക്രിയാ മാര്‍ഗ്ഗങ്ങളാണ് ഏറ്റവും ഫലപ്രദമെന്ന് വളരെയേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണത്തിന്‍റെയും ദുര്‍മേദസ്സുകളുടെയും വൈരുപ്യങ്ങളില്‍ നിന്ന് മാറി സുന്ദരന്മാരും സുന്ദരിമാരും ആകുന്നതും ഇത്തരം ശസ്ത്രക്രിയകളുടെ പ്രയോജനങ്ങളില്‍പ്പെടുന്നു.