ഹെർണിയ സർജറി

ഹെര്‍ണിയ ചികിത്സയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ
ഹെര്‍ണിയ അഥവാ കുടലിറക്കം സാധാരണയായി കണ്ടുവരുന്ന ഒരു അസുഖം ആണ്. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. പുരുഷന്മാര്‍ക്ക് കാലിന്‍റെ മടക്കിലും സ്ത്രീകളില്‍ വയറിന്‍റെ മുന്‍വശത്ത് പൊക്കിളിനടുത്തുമാണ് കൂടുതലായും ഹെര്‍ണിയ കണ്ടുവരുന്നത്. രോഗിക്ക് തന്നെ മിക്കപ്പോഴും മനസ്സിലാകുന്ന തരത്തില്‍ ഒരു വീര്‍പ്പ് അനുഭവപ്പെടുക, വലിച്ചില്‍ അല്ലെങ്കില്‍ വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.
പുകവലി, തുടര്‍ച്ചയായ ചുമ, മലമോ മൂത്രമോ പോകുന്നതിന് അമിതമായി മുക്കുന്നത്, അമിതവണ്ണം, വയര്‍ഭിത്തിയിലെ ശസ്ത്രക്രിയകള്‍ എന്നിവ ഹെര്‍ണിയ ഉണ്ടാകുന്നതിനെ അധികരിപ്പിക്കും. കുട്ടികളില്‍ കാണുന്ന ഹെര്‍ണിയ ജന്മനാ ഉള്ള ദ്വാരങ്ങള്‍ കാരണമാണ്. ദ്വാരത്തിലൂടെ ഇറങ്ങിവരുന്ന കുടലിന് തടസ്സം വരുന്നതോ, അതിന്‍റെ രക്തയോട്ടം കുറയുന്നതോ ഗുരുതരമായ പ്രയാസങ്ങള്‍ ഉണ്ടാക്കും.
പരിശോധനകള്‍
സാധരണയായി ഒരു ശസ്ത്രക്രിയാ വിദഗ്ദ്ധന്‍റെ പരിശോധനയില്‍ രോഗനിര്‍ണ്ണയം ഏതാണ് ഉറപ്പിക്കാം. അള്‍ട്രാസൗണ്ട് പരിശോധന ചെയ്ത് വയറില്‍ മറ്റ് അസുഖങ്ങള്‍ ഇല്ലായെന്ന് ഉറപ്പാക്കുന്നതും ഹെര്‍ണിയ സ്ഥിരീകരിക്കുന്നതും നല്ലതാണ്. പൊതുവായ ആരോഗ്യസ്ഥിത അറിയാനുള്ള പരിശോധനങ്ങളും വേണ്ടിവരും.
ചികിത്സാമാര്‍ഗ്ഗങ്ങള്‍
തുറന്നുള്ള ശസ്ത്രക്രിയ
ഹെര്‍ണിയ വന്നിരിക്കുന്ന ഭാഗത്ത് തന്നെ 10 സെന്‍റിമീറ്റര്‍ മുറിവുണ്ടാക്കുന്നു. മാംസപേശികളെ അകറ്റി മെഷ് (വല) സ്ഥാപിക്കുകയും സ്ഥായിയായ നൂലുകള്‍ പാകി ഹെര്‍ണിയ ദ്വാരം അടയ്ക്കുകയും ചെയ്യുന്നു. ഹെര്‍ണിയ രണ്ടുവശത്തും വന്നാല്‍ പ്രത്യേകം മുറിവുണ്ടാക്കിയാണ് ഓരോ ഭാഗവും ശക്തിപ്പെടുത്തേണ്ടത്.
താക്കോല്‍ദ്വാര ശസ്ത്രക്രിയ
വയറിനുള്ളിലേയ്ക്ക് ടെലിസ്കോപ്പ് കടത്തി ഹെര്‍ണിയ ദ്വാരങ്ങള്‍ വ്യക്തതയോടെ കാണുന്നു. ക്ഷീണം വന്ന ഭാഗത്തുനിന്ന് കട്ടികുറഞ്ഞ ദശ വയറിനുള്ളിലേയ്ക്ക് തിരികെ വച്ചതിനുശേഷം വലിയ മെഷ് വച്ച് ദ്വാരം അടയ്ക്കുന്നു. രണ്ടുവശത്തുമുള്ള ഹെര്‍ണിയ ശരിയാക്കുന്നതിനും 10 മില്ലിമീറ്ററിന്‍റെ ഒരു മുറിവും അഞ്ചു മില്ലിമീറ്ററിന്‍റെ ഒന്നോ രണ്ടോ മുറിവുകളും മതിയാകുന്നു. വയറിനുള്ളിലെ മറ്റ് അനുബന്ധ രോഗങ്ങള്‍ക്ക് ചികിത്സ ആവശ്യമാണെങ്കില്‍ അതും ഈ മാര്‍ഗ്ഗത്തിലൂടെ കൂടുതല്‍ മുറിവില്ലാതെ പരിഹരിക്കുവാന്‍ സാധിക്കും.
Read more on Hernia in English and Hernia Surgery in Kerala
കീഹോള്‍ ശസ്ത്രക്രിയയുടെ മേന്മകള്
അത്യാധുനിക ക്യാമറ സംവിധാനത്തിലൂടെ അസുഖം വന്ന ഭാഗം വ്യക്തതയോടെ കാണുന്നതിനും എല്ലാ ഹെര്‍ണിയ ദ്വാരങ്ങളും കണ്ടെത്തുന്നതിനും ഉപകരിക്കുന്നു.
തുറന്നുള്ള ശസ്ത്രക്രിയയില്‍ ഹെര്‍ണിയ വന്ന് ക്ഷീണിച്ച മാംസപേശികളെ മുറിക്കുന്നത് താക്കോല്‍ദ്വാര ശസ്ത്രക്രിയാരീതിയില്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുന്നു. ഏറ്റവും അകത്തെ ഭിത്തിയില്‍തന്നെ മെഷ് വയ്ക്കുന്നതും, വലിയ മെഷ് വയ്ക്കാന്‍ സാധിക്കുന്നതും ആ ഭാഗം വളരെ ശക്തിപ്പെടാന്‍ സഹായിക്കും. ഇതെല്ലാം വീണ്ടും ഹെര്‍ണിയ വരുവാനുള്ള സാധ്യതകളെ ഇല്ലാതാക്കുന്നു.
അഭംഗി ഉണ്ടാക്കുന്ന മുറിപ്പാടുകള്‍ പാടെ ഒഴിവാക്കുന്നു.
ഒരു ദിവസത്തെ ആശുപത്രിവാസം മതിയാകുന്നതിനാലും കുറച്ചുദിവസത്തെ മാത്രം വിശ്രമത്തിനുശേഷം എല്ലാത്തരം ജോലികളില്‍ ഏര്‍പ്പെടാമെന്നതിനാലും രോഗികള്‍ക്ക് വളരെ ആശ്വാസകരവും സന്തോഷപ്രദവുമാണ് കീഹോള്‍ ഹെര്‍ണിയ സര്‍ജറികള്‍.
മെഷ് മുറിവുകളില്‍ തൊടാതെ വയ്ക്കുന്നതിനാല്‍ അണുബാധ ഉണ്ടാകുവാനുള്ള സാധ്യതയും വളരെ വിരളമാണ്.
രക്തനഷ്ടം തീരെ ഇല്ലാത്തതും വേദന വളരെ കുറവാണെന്നതും താക്കോല്‍ദ്വാര ശസ്ത്രക്രിയകളെ മികവുറ്റതാക്കുന്നു.
വയര്‍ തൂക്കം പരിഹരിയ്ക്കാനുള്ള ടമ്മിടക്ക്
സാധരണയായി പ്രസവശേഷം തൊലിയും കൊഴുപ്പും തൂങ്ങുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പേശികള്‍ അകന്നുപോകുന്നതു മൂലവും വയര്‍ തൂങ്ങിക്കിടക്കുന്ന അവസ്ഥ സംജാതമാകുന്നു. ഇത് പരിഹരിക്കുന്നതിനുള്ള സംവിധാനമാണ് ടമ്മിടക്ക്. അകന്നുപോയ പേശികളെ അടുപ്പിക്കുകയും അധികമായ കൊഴുപ്പും തൊലിയും നീക്കം ചെയ്യുന്നതിനാല്‍ നല്ല ഭംഗി കൈവരിക്കാനും സാധിക്കുന്നു. ഇഷ്ടമുള്ള വസ്ത്രം ഉപയോഗിക്കാനും ആകാരഭംഗിയോടെ ഇരിക്കുവാനും ഉതകുന്നതാണ് ഈ പ്രക്രിയകള്‍.
ഹെർണിയ സർജറി ഡോക്ടഴ്സ്
കൂടുതൽ വായിക്കുക



- Conditions
- Tags: Hernia Surgery